കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗ് ആക്രമിച്ച പ്രതി എബിൻ പോൾ മാർച്ചിൽ മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിന് തീയിടാൻ ശ്രമിച്ചിരുന്നു. സിനഗോഗിലെ ആക്രമണത്തിന് പിന്നാലെ പൊലിസിന്റെ പിടിയിലായപ്പോഴാണ് മൂവാറ്റുപുഴയിൽ നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതി മൊഴി നൽകിയത്.
മാർച്ച് 18ന് പുലർച്ചെ ആയിരുന്നു കാറിലെത്തി മേക്കടന്പിലെ ഷോറൂമിന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയത്. ബിയർ കുപ്പികളിലും പ്ലാസ്റ്റിക് കുപ്പികളിലും പെട്രോൾ നിറച്ച് എറിയുകയായിരുന്നു. അതേസമയം, പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊച്ചി പൊലിസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എന്ഐഎ, ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥര് പ്രതിയെ നേരിട്ടെത്തി കസ്റ്റഡിയില് ചോദ്യം ചെയ്തു. തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയായിരുന്നു എറണാകുളം സെന്ട്രല് പൊലിസ് സ്റ്റേഷന് പരിധിയിലെ കടവുഭാഗം സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിയില് തീപിടിത്തം ഉണ്ടായത്.
നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തില് നിന്ന് ഇറങ്ങി കൈവശമുണ്ടായിരുന്ന പെട്രോള് ഒഴിച്ച് തീയിടുകയും സംഭവത്തിന്റെ ദൃശ്യങ്ങള് സ്വന്തം മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
യഹൂദ ആരാധനാലയങ്ങള് ഉള്പ്പെടെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണങ്ങള് നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പൊലിസ് പ്രതിയുടെ ഫോണില് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണം നടക്കുന്നത്.
ബോസ് എന്ന് പ്രതി വിശേഷിപ്പിക്കുന്ന ഒരാളുടെ നിര്ദേശപ്രകാരമാണ് കുറ്റകൃത്യങ്ങള് നടത്തിയത്. നിര്ദേശിക്കപ്പെട്ട ലക്ഷ്യങ്ങളില് ആക്രമണം നടത്തുക, അതിന്റെ ദൃശ്യങ്ങള് പകര്ത്തി അയച്ചു കൊടുക്കുക, ഇതിന് പ്രതിഫലം കൈപ്പറ്റുക എന്ന രീതിയിലാണ് പ്രതി പ്രവര്ത്തിച്ചിരുന്നത്.